Sunday, December 14, 2014

ഗോലാഘാട്ടിലെ ആദിവാസി കർഷകർ (കഥ)

ഈ റെയിലിന്റെ അപ്പുറം നാഗന്മാരുടേതാണ്.

ആസ്സാമിലെ ഗോലാഘാട്ടിൽ നിന്ന് അൻപതു കിലോമീറ്റർ അകലെ സരുപ്പത്ഥറിൽ റെയിൽ‌വേ ലൈനിനോടു സമാന്തരമായുള്ള പാടവരമ്പത്തെ നടപ്പാതയിലൂടെ ഞാൻ സൂക്ഷിച്ചു ബൈക്കോടിയ്ക്കുമ്പോൾ പുറകിലിരുന്നിരുന്ന ഗുരിയ ഹിന്ദിയിൽ പറഞ്ഞു.

ഗോലാഘാട്ടിൽ നിന്ന് സരുപ്പത്ഥറിലേയ്ക്കുള്ള യാത്രയുടെ ഭൂരിഭാഗവും ഇടതൂർന്ന വനമദ്ധ്യത്തിലൂടെയുള്ള നാഷണൽ ഹൈവേ 39ൽക്കൂടിയാണ്. ഇന്നിപ്പോൾത്തന്നെ മടങ്ങിപ്പോകാനുള്ളതും അതിലൂടെത്തന്നെയാണ്. പകൽ‌ സമയങ്ങളിൽ ആ ഹൈവേയാത്ര അനുഭൂതിയുണർത്തുന്നതാണെങ്കിലും ഇരുട്ടിയ ശേഷം അതിൽ പലതരത്തിലുള്ള അപായങ്ങളും പതിയിരിയ്ക്കുന്നുണ്ടാകാമെന്ന് ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയുടെ പ്രസിഡന്റും വന്ദ്യവയോധികനുമായ അർജുൻ ടോപ്നോ മുന്നറിയിപ്പു തന്നിരുന്നു. സമാനമായ ഉപദേശം തന്നെയായിരുന്നു സമിതി സെക്രട്ടറി മുർമുവിന്റേതും. വനത്തിൽ കാട്ടാനയും പുലിയുമൊക്കെയുണ്ടെങ്കിലും മനുഷ്യർക്ക് കൂടുതൽ ആപത്തുകളും മനുഷ്യരിൽ നിന്നു തന്നെ.

സരുപ്പത്ഥറിലെ സന്ദർശനങ്ങളെല്ലാം അവസാനിപ്പിച്ച്, ഇരുട്ടുന്നതിനു മുൻപു തന്നെ എൻ എച്ച് 39ലൂടെയുള്ള മടക്കയാത്ര നടത്തി ഗോലാഘാട്ടിൽ എത്തിയിരിയ്ക്കണം എന്നായിരുന്നു സമിതി ഭാരവാഹികളുടെ സ്നേഹപൂർവ്വമുള്ള ഉപദേശങ്ങളുടെ കാതൽ. ഇപ്പോൾ മൂന്നര മണി കഴിഞ്ഞതേയുള്ളു, എങ്കിലും കുറേശ്ശെ ഇരുട്ടു പരന്നു തുടങ്ങിയിരിയ്ക്കുന്നു. ആസ്സാമിൽ നാലു മണി കഴിയുമ്പോഴേയ്ക്ക് ഇരുട്ടാകും, ദീപങ്ങൾ തെളിയും. ഇനി ഒരിടത്തുകൂടി ചെന്നെത്താനുണ്ട്. അതിനു ശേഷം മടക്കയാത്ര.

ഇവിടേയ്ക്ക് ഇതിനു മുൻപ് അനേകം തവണ വന്നു കഴിഞ്ഞിട്ടുള്ളതാണ്. പല മാസങ്ങളായി മിയ്ക്കവാറും എല്ലാ ആഴ്ചകളിലും ഇവിടെയെത്തുന്നു. സമിതിഭാരവാഹികളുടെ ഉപദേശമനുസരിച്ച് ഇരുട്ടുന്നതിനു മുൻപു തന്നെ ആ യാത്രകളെല്ലാം തീർത്തു മടങ്ങിയിരുന്നു. ഇന്ന് പതിവിലുമല്പം വൈകിയിരിയ്ക്കുന്നു. അതുകൊണ്ട് ഞാനല്പം ധൃതിയിലായിരുന്നു.

ചുളുചുളെക്കുത്തുന്ന ജനുവരിമാസത്തണുപ്പ്. ഉള്ളിൽ സ്വെറ്ററും പുറത്ത് ജാക്കറ്റും. എന്നിട്ടും തണുപ്പ് അരിച്ചുകയറാൻ തുടങ്ങിയിരിയ്ക്കുന്നു. ഗുരിയയ്ക്കാകട്ടെ ചെറിയൊരു നാഗാ ഷാൾ മാത്രം. തണുപ്പിനെ പ്രതിരോധിയ്ക്കാൻ പറ്റിയതാണ് നാഗാ ഷാൾ. പക്ഷേ, അതാണെങ്കിൽ കാറ്റിൽ പറന്നുകൊണ്ടിരിയ്ക്കുന്നു. അതു പറന്നു പോകാതിരിയ്ക്കാൻ ഗുരിയ ഇടത്തുകൈ കൊണ്ട് കഴുത്തിനു താഴെ ഷാൾ കൂട്ടിപ്പിടിച്ചിരിയ്ക്കുന്നു. അതിന്റെ സ്വതന്ത്രമായ അറ്റങ്ങൾ കാറ്റിൽ പറക്കുന്നത് ബൈക്കിന്റെ രണ്ടു കണ്ണാടികളിലൂടെ എനിയ്ക്കു കാണാം. ഇവിടെത്തന്നെ ജനിച്ചു വളർന്ന ഗുരിയയ്ക്ക് ഇവിടുത്തെ തണുപ്പ് പരിചിതമായിരിയ്ക്കണം. പാടവരമ്പിലുള്ള കുണ്ടിലും കുഴിയിലും ബൈക്ക് ഇറങ്ങിക്കയറുന്നതിനിടയിൽ തെറിച്ചു പോകാതിരിയ്ക്കാൻ വലത്തുകൈ കൊണ്ട് ഗുരിയ ബൈക്കിന്റെ പുറകിൽ അള്ളിപ്പിടിച്ചിരുന്നു. ഗുരിയയ്ക്ക് ബൈക്കിന്മേലിരുന്നു യാത്ര ചെയ്ത് വലിയ തഴക്കമില്ല.

നാഗാലാന്റ് ഇത്രയ്ക്കടുത്താണെന്നു വിചാരിച്ചിരുന്നില്ല.ഞാൻ പറഞ്ഞു.

ഇതിനകം പല തവണ ഈ വഴിയിലൂടെ വരികയും പോകുകയും ചെയ്തിട്ടുണ്ടെങ്കിലും നാഗാലാന്റിന്റെ അരികത്തുകൂടിയായിരുന്നു ആ യാത്രകളെല്ലാമെന്ന് ഇപ്പോഴാണറിയുന്നത്. റെയിൽപ്പാതയ്ക്കപ്പുറത്ത് നാഗാലാന്റും നാഗാലാന്റിനപ്പുറത്ത് ബർമ്മയും. ചുരുക്കത്തിൽ ഏകദേശം ഇരുനൂറ്റൻപതു കിലോമീറ്റർ മാത്രമകലെ ഒരു വിദേശരാജ്യം. ഏതെങ്കിലുമൊരു വിദേശരാജ്യത്തോട് ഇത്രത്തോളം അടുത്തു ചെല്ലുന്നത് ഇതാദ്യമായാണ്.

റെയിലിനിപ്പുറത്ത് ആസ്സാം. റെയിലിനപ്പുറത്ത് നാഗാലാന്റ്. എന്നിട്ടും ഇപ്പുറത്തേയും അപ്പുറത്തേയും ഭൂപ്രകൃതികൾ തമ്മിൽ പ്രകടമായ യാതൊരു വ്യത്യാസവുമില്ല. കേരളത്തിലെ കൃഷിയിടങ്ങളിലെപ്പോലെ തന്നെ. എങ്ങും പച്ചപ്പും മരങ്ങളും മാത്രം. കേരവൃക്ഷങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ തനി കേരളമായേനെ.

വോ ലോഗ് കെഹത്തേ ഹെ കി യേ സബ് നാഗാലാന്റ് കേ ദീമാപ്പൂർ ഡിസ്ട്രിക്റ്റ് മേ ഹെ. സബ് ഗൊണ്ടഗൊൽ ഇസലിയേ തോ!ഈ പ്രദേശമെല്ലാം നാഗാലാന്റിന്റെ ദിമാപ്പൂർ ജില്ലയിൽ പെട്ടതാണെന്നാണു നാഗന്മാർ അവകാശപ്പെടുന്നത്. എല്ലാ കുഴപ്പങ്ങൾക്കും കാരണം അവരുടെ ആ അവകാശവാദമാണെന്ന് ഗുരിയ.

എന്തു കുഴപ്പം?

ആപ് നെ സുനാ നഹി? ആശ്ചര്യത്തോടെയായിരുന്നു, ഗുരിയയുടെ ചോദ്യം. ഒരു രാത്രിയുടെ മറവിൽ നാഗന്മാർ കുന്തവും വാളുമായി വന്ന് ആസ്സാമിലെ ആയിരം ആദിവാസികളെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കാര്യം സാബ് ഇതു വരെ അറിഞ്ഞിട്ടില്ലെന്നോ! ഏതു ദിവസവും നാഗന്മാരത് ആവർത്തിച്ചേയ്ക്കാമെന്ന ഭീതിയിലാണ് ആദിവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.

മൂവായിരത്തെഴുനൂറു കിലോമീറ്ററകലെ, അങ്ങു ദൂരെയുള്ള കേരളത്തിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ആസ്സാം നാഗാലാന്റ് അതിർത്തിപ്രദേശത്തെ സംഘർഷത്തെപ്പറ്റി ഞാ‍നെങ്ങനെയറിയാൻ! ഇത്തരം സംഘർഷങ്ങളൊന്നും കേരളത്തിലില്ല. ഗുരിയയ്ക്ക് ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി ഞാനൊരു ചെറു വിവരണം നൽകി.

ആസ്സാമും നാഗാലാന്റും തമ്മിൽ അതിർത്തിത്തർക്കങ്ങൾ ദീർഘകാലമായി നിലവിലുണ്ട്. ഗുരിയ വിശദീകരിച്ചു തന്നു. ഈ റെയിൽപ്പാളം വരെയുള്ള ഭൂമി തങ്ങളുടേതാണെന്നു നാഗാലാന്റ്. അങ്ങനെയല്ല, നാഗാലാന്റിന്റെ അതിർത്തി ഇനിയും ഏറെ കിലോമീറ്റർ അപ്പുറത്താണെന്ന് ആസ്സാമും.

നാഗാപോലീസ് ഇടയ്ക്കിടെ വന്ന് തർക്കപ്രദേശത്തു കൃഷിചെയ്യുന്ന പാവപ്പെട്ട ആദിവാസികളെ ഭീഷണിപ്പെടുത്തി തിരിച്ചു പോകുന്നു. എന്നാൽ ആസ്സാം പോലീസു വന്ന് നാഗന്മാരെ നിലയ്ക്കു നിർത്തുന്നതിനു പകരം അവരും കുതിര കയറുന്നത് ആദിവാസികളുടെ മേൽ തന്നെ. ഗുരിയയുടെ ശബ്ദത്തിൽ ക്ഷോഭം വ്യക്തമായിരുന്നു.

കുറ്റക്കാരായ നാഗന്മാരെ പിടികൂടിയില്ലേ?

ഇല്ല. ഒറ്റയാളെപ്പോലും ഇതുവരെ പിടിച്ചിട്ടില്ല. ഗുരിയ നിരാശപ്പെട്ടു. ആദിവാസികൾ കൂട്ടത്തോടെ ഓടിപ്പോന്നു. സർക്കാർ അവരെ ക്യാമ്പുകളിൽ പാർപ്പിച്ചു. കുറേ നാൾ കഴിഞ്ഞപ്പോൾ അവരിൽ ചിലർ തിരിച്ചു വന്നു. പക്ഷേ ഒരുപാടു പേർക്ക് സകലതും നഷ്ടപ്പെട്ടു.

ആയിരക്കണക്കിനു ചതുരശ്രകിലോമീറ്റർ വരുന്ന തർക്കപ്രദേശത്ത് ആസ്സാമിലെ ആദിവാസികൾക്കാണു ഭൂരിപക്ഷം. നാഗന്മാർ എണ്ണത്തിൽ കുറവാണെങ്കിലും അവരുടെ സാമ്പത്തികനില താരതമ്യേന മെച്ചപ്പെട്ടതാണ്. കൃഷിയിൽ വലിയ താത്പര്യമില്ലാത്ത നാഗന്മാരുടെ പക്കൽ ഭൂമി ധാരാളം. ഇരുപതും മുപ്പതും ബിഗ വീതം. രണ്ടര ബിഗ ഒരേക്കറിനു തുല്യമാണ്. ഒരു ബിഗ അഞ്ചു ഖട്ട, ഒരു ഖട്ട ഇരുപതു ലെച്ച, അങ്ങനെ പോകുന്നു, ആസ്സാമിലെ ഭൂമിയളവുകൾ. ജന്മനാൽ കർഷകരായ ആസ്സാമിലെ ആദിവാസികളുടെ പക്കലാകട്ടെ ഭൂമി പൊതുവിൽ കുറവ്: രണ്ടോ മൂന്നോ ബിഗ. അങ്ങേയറ്റം നാലോ അഞ്ചോ മാത്രം. വൈരുദ്ധ്യം തന്നെ. കർഷകന് ആവശ്യത്തിനു കൃഷിഭൂമിയില്ല. ഇതാണിവിടത്തെ പ്രശ്നവും.

എന്നാണീ അക്രമങ്ങൾ സംഭവിച്ചത്?

കുറച്ചു കൊല്ലങ്ങളേ ആയുള്ളു.

ആശ്വാസമായി. ഗുരിയ പറഞ്ഞതു കേട്ടപ്പോൾ ആദ്യം കരുതിയത് ഇക്കഴിഞ്ഞ ആഴ്ചയോ മറ്റോ ആണ് കൂട്ടക്കൊല നടന്നത് എന്നായിരുന്നു. കാഴ്ചയ്ക്ക് ഇപ്പുറത്തെപ്പോലെ തന്നെ ശാന്തമായ ഗ്രാമങ്ങളാണ് റെയിൽപ്പാതയ്ക്കപ്പുറവും. ദ സോൾ ഓഫ് ഇന്ത്യാ ലിവ്സ് ഇൻ ഇറ്റ്സ് വില്ലേജസ്. ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചു. ഗുരിയയ്ക്കു മനസ്സിലായിക്കാണില്ല. അർത്ഥം പറഞ്ഞു കൊടുത്തു. ഭാരത് കാ ആത്മാ അപ്നേ ഗാവോം മേ ഹെ. മത്‌ലബ്, ഗാവ് വാലേ അച്ഛേ ഹെ.

കുന്തവും വടിവാളുമായി വന്ന് ആദിവാസികളെ വെട്ടിനുറുക്കിയ നാഗന്മാരെ ഭാരതത്തിന്റെ ആത്മാക്കളായി കണക്കാക്കാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ടായിരിയ്ക്കാം, ഗുരിയ നിശ്ശബ്ദനായി. അദ്ധ്വാനശീലരായ, പാവപ്പെട്ട, നിസ്സഹായരായ ആദിവാസികളെ വെട്ടിനുറുക്കിയ നാഗന്മാരുടെ വില്ലേജുകളിൽ ഭാരതത്തിന്റെ ആത്മാവുണ്ടാകാനിടയില്ലെന്ന് എനിയ്ക്കും തോന്നി. അക്രമമുള്ളിടത്ത് ആത്മാവുണ്ടാവില്ല, ആത്മാവുള്ളിടത്ത് അക്രമവുമുണ്ടാവില്ല. ഇത് എന്റെ തത്വം. ഗുരിയയുടേയും ചിന്ത ഏതാണ്ടതൊക്കെത്തന്നെ ആയിരിയ്ക്കണം.

രുക്കോ സാബ്, ഗാഡി രുക്കോ.ബൈക്ക് കയറിയും ഇറങ്ങിയും മുന്നോട്ടു പൊയ്ക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് ഗുരിയ പറഞ്ഞു. ഞങ്ങളൊരു ചായക്കടയുടെ മുന്നിലെത്തിയിരുന്നു. മുട്ടറ്റം വരുന്നൊരു മുണ്ടു പുതച്ച്, ഒരു കല്ലിന്മേൽ ചാരിനിന്ന് ചുടുചായ നുണഞ്ഞുകൊണ്ടിരുന്ന ഒരാളെ ഗുരിയ വിളിച്ചു. , ഹോറോ, ഇധറാ.

തേടിയ വള്ളി കാലിൽച്ചുറ്റി. കഴിഞ്ഞ രണ്ടു മൂന്നു കിലോമീറ്റർ വണ്ടി ഓടിച്ചത് ഈ ഹോറോവിനെ മാത്രം കാണാൻ വേണ്ടിയായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഹോറോവിന്റെ വീടുവരെ പോകേണ്ടി വന്നിരുന്നു. എന്തായാലും ഇരുട്ടു പരക്കാറായ ഈ സമയത്ത് ഇനിയും അകലെയുള്ള അയാളുടെ വീട്ടിലേയ്ക്കു പോകാതെ കഴിഞ്ഞു. വരമ്പത്തുള്ള നടപ്പാതയിലൂടെ ബൈക്കോടിയ്ക്കുന്നതിൽ വലിയ സുഖമില്ല. ചില വഴികൾ ദുർഘടം പിടിച്ചതുമാണ്. ചെറിയ സർക്കസ്സു തന്നെ ഇടയ്ക്കു വേണ്ടി വരും.

ഞാൻ ബൈക്ക് ചായക്കടയുടെ മുന്നിൽ നിർത്തി. ഞങ്ങളെക്കണ്ട് ഹോറോ ചായ കല്ലിന്മേൽത്തന്നെ വച്ച്, കൈകൂപ്പിക്കൊണ്ട് ഓടി വന്നു. ചരിച്ചുകുത്തിയിരുന്ന ലുങ്കിയുടെ മടിക്കുത്തിൽ നിന്നോ അടിയിൽ ധരിച്ചിരുന്ന നിക്കറിന്റെ പോക്കറ്റിൽ നിന്നോ ആയിരിയ്ക്കണം, ഒരു കടലാസ്സുപൊതിയെടുത്തു നീട്ടി. പണം ഹോറോ ഞങ്ങൾക്കായി കരുതി വച്ചിരുന്നിരിയ്ക്കണം.

യെ കിത്ത്നാ ഹെ?” പൊതി വാങ്ങിക്കൊണ്ടു ഗുരിയ ചോദിച്ചു. ഹോറോ ഞങ്ങളുടെ വരവു പ്രതീക്ഷിച്ചിരുന്നു കാണണം. കഴിഞ്ഞ കുറേ ആഴ്ചകളായി പതിവുള്ളതാണ് ഇതേ ദിവസത്തെ വരവ്.

ഹോറോ എന്തോ പറഞ്ഞു. സ്വന്തം ഭാഷയിൽ. ഇവരൊക്കെ പണ്ട് ഒറീസ, ഝാർക്കണ്ട്, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ഒന്നര നൂറ്റാണ്ടിനു മുൻപ് കുടിയേറിപ്പാർത്തവരുടെ പിൻ‌തുടർച്ചക്കാരാണ്. ഒറിയയുടേയും ഹിന്ദിയുടേയും ആസ്സമീസിന്റേയുമെല്ലാം നാടൻ രൂപങ്ങൾ ചേർന്നൊരു മണിപ്രവാളമാണ് അവർ സംസാരിയ്ക്കുന്നത്. ഹോറോ പറഞ്ഞത് ഇരുനൂറ്റൻപതു രൂപയെന്ന് ഗുരിയ എനിയ്ക്കു തർജ്ജമ ചെയ്തു തന്നു.

ഞാൻ പൊതിയഴിച്ച് തുകയെണ്ണി നോക്കി, രസീതൊപ്പിട്ടു കൊടുത്തു. വിൽ ബി അക്കൌണ്ടഡ് ഓൺ ദ നെക്സ്റ്റ് വർക്കിംഗ് ഡെഎന്നു വലിയ സീൽ രസീതിൽ അടിച്ചിട്ടുണ്ട്. ജോർഹാട്ടിൽ മടങ്ങിച്ചെല്ലുമ്പോൾ ഇന്നർദ്ധരാത്രിയാകും. നാളെ മാത്രമേ തുക ബാങ്കിലടച്ച് ഹോറോയുടെ ലോണിൽ വരവു വയ്ക്കാനാകുകയുള്ളു.

എന്റെ പക്കലുള്ള ടൈപ്പു ചെയ്ത ലിസ്റ്റിൽ ഹോറോയുടെ പേരു കണ്ടു പിടിച്ച് അതിൽ അന്നത്തെ അടവ് ഇരുനൂറ്റൻപതു രൂപയെന്നു രേഖപ്പെടുത്തി. അടയ്ക്കാനിനി ശേഷിയ്ക്കുന്ന തുക അറുനൂറ്റൻപത്താറ്. അത് ഹോറോവിനെ അറിയിച്ചു. അതിനു നേരേ ഹോറോവിനെക്കൊണ്ട് ഒപ്പിടീച്ചു. ഒരു ചിത്രം വരയാണ് ഹോറോവിന്റെ ഒപ്പ്. തുടർന്ന് ഗുരിയയും ഞാനും ഒപ്പിട്ടു.

ഇന്നത്തെ എല്ലാ പിരിവുകളും ഈ ലിസ്റ്റിലുണ്ട്. ഗോലാഘാട്ടിൽ നിന്നു മടങ്ങുന്നതിനു മുൻപ് ഇതിന്റെ ഒരു കോപ്പി ഗോലാഘാട്ട് ആദിവാസി വികസനസമിതി പ്രസിഡന്റായ ടോപ്നോയേയോ സെക്രട്ടറിയായ മുർമുവിനേയോ ഏൽപ്പിയ്ക്കണം. ആര്, എത്രയൊക്കെ തന്നു, ഇനി എത്രയൊക്കെ തരാനുണ്ട് എന്നുള്ളതിനെപ്പറ്റി ആർക്കും യാതൊരാശയക്കുഴപ്പവും ഉണ്ടാകാൻ പാടില്ല.

ബാക്കി കൊബ്?” ഗുരിയ ചോദിച്ചു. ശേഷിയ്ക്കുന്ന തുക മുഴുവനും അടുത്ത മൂന്നാഴ്ച കൊണ്ട് തന്നു തീർത്തോളാമെന്ന് ഹോറോ ഉറപ്പു നൽകി.

ഈ സാബിനെ മൂന്നു തവണ വരുത്തി ബുദ്ധിമുട്ടിയ്ക്കാതെ അടുത്ത ഒരൊറ്റത്തവണ കൊണ്ടു തന്നെ മുഴുവൻ തുകയും തന്നു തീർക്കാൻ ഗുരിയ നിർദ്ദേശിച്ചപ്പോൾ ഹോറോ വിഷണ്ണനായി നിന്നു.

ഹോറോ സൂചിപ്പിച്ച മൂന്നാഴ്ച സമയം അനുവദിച്ചുകൊടുക്കുന്നതിനു പകരം, ശേഷിച്ച തുക മുഴുവനും അടുത്തയാഴ്ച തന്നെ തന്നു തീർത്തോളണം എന്നു ഹോറോവിനോടു കർക്കശമായി പറയുന്നുവെന്നു കരുതുക. ഹോറോ തന്റെ ഭൂമിയുടെ പട്ടയവുമായി നേരേ പോകുന്നത് കൊള്ളപ്പലിശക്കാരുടെ അടുത്തേയ്ക്കായിരിയ്ക്കും. മറ്റൊരു വഴിയും ഹോറോവിന്റെ മുൻപിലില്ല.

വർഷങ്ങൾക്കു മുൻപ് ഈ ആദിവാസി കർഷകരിൽ മിയ്ക്കവരുടേയും സ്ഥിതി അതായിരുന്നു. പട്ടയം കിട്ടിയ ഭൂമി സ്വന്തമായുണ്ടെങ്കിലും, കൃഷിയിറക്കാനുള്ള പണം അവരുടെ പക്കലുണ്ടാവാറില്ല. പണം കൊള്ളപ്പലിശയ്ക്കെടുത്ത് കൃഷിയിറക്കുന്നു. കൃഷിയ്ക്കെന്നല്ല, പെട്ടെന്നുണ്ടാകുന്ന എല്ലാ അത്യാവശ്യങ്ങൾക്കും ഈ കൃഷിക്കാർ സമീപിയ്ക്കുന്നത് കൊള്ളപ്പലിശക്കാരെയാണ്. പിന്നീടു കിട്ടുന്ന വിളവു മുഴുവനും കൊള്ളപ്പലിശക്കാരന്. കടം ഒരിയ്ക്കലും തീരുകയില്ല. തുടർന്നുള്ള മാസങ്ങളിൽ ഓരോരോ ആവശ്യങ്ങൾക്കായി വീണ്ടും കടം വാങ്ങുന്നു. കടബാദ്ധ്യത വർദ്ധിയ്ക്കുന്നു. കർഷകൻ കടക്കെണിയിൽ ആഴ്ന്നാഴ്ന്നു പോകുന്നു. കടക്കെണിയിൽ നിന്നുള്ള മോചനം മരീചികയായി മാറുന്നു.

മോചനമില്ലാത്ത ഈ കടക്കെണിയിൽ നിന്ന് ആദിവാസി കർഷകരെ മോചിപ്പിയ്ക്കാൻ വേണ്ടിയാണ് ഹോറോവിനെപ്പോലുള്ള മുന്നൂറോളം കർഷകർക്ക് പ്രതിവർഷം വെറും നാലു ശതമാനം വരുന്ന പലിശയ്ക്ക് ബാങ്ക് ലോൺ കൊടുത്തത്. കൊള്ളപ്പലിശയിൽ നിന്നു തങ്ങൾ മോചിപ്പിച്ച കർഷകനെ വീണ്ടും കടക്കെണിയിലേയ്ക്കു തള്ളിവിടാൻ ബാങ്ക് ആഗ്രഹിയ്ക്കുന്നുണ്ടാവില്ല. മാത്രമല്ല, അങ്ങനെ അവരെ വീണ്ടും കടക്കെണിയിലേയ്ക്കു തള്ളിവിടുന്നത് ഈ മോചനപദ്ധതിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ എനിയ്ക്കു പ്രാണസങ്കടമുള്ള കാര്യവുമാണ്.

ലോണെടുത്ത മിയ്ക്ക കർഷകരും ഇപ്പോൾ ഉത്സാഹപൂർവ്വം തിരിച്ചടവു നടത്തിക്കൊണ്ടിരിയ്ക്കുന്നു. ഹോറോവിനെപ്പോലെ തന്നെ മറ്റുള്ളവരും തുടർന്നുള്ള ഏതാനും ആഴ്ചകൾക്കുള്ളിൽ താന്താങ്ങളുടെ ലോണുകൾ പൂർണ്ണമായും അടച്ചു തീർക്കാൻ ശ്രമിയ്ക്കുമെന്ന സൂചനയും വ്യക്തമായിക്കഴിഞ്ഞിരിയ്ക്കുന്നു. ലോണുകളിലെ തിരിച്ചടവ് കഴിഞ്ഞയാഴ്ച എൺപത്തഞ്ചു ശതമാനത്തിലെത്തിയിരുന്നു. ഇനിയുള്ള മൂന്നോ നാലോ ആഴ്ചകൾ കൊണ്ട് അത് തൊണ്ണൂറ്റഞ്ചു ശതമാനമായി ഉയരുമെന്ന പ്രതീക്ഷ ബലപ്പെട്ടിരിയ്ക്കുന്നു. ഇത്തരം ലോണുകളിൽ തൊണ്ണൂറ്റഞ്ചു ശതമാനം തിരിച്ചടവുണ്ടാകുന്നത് കേരളത്തിൽപ്പോലും വിരളമാണ്.

അതുകൊണ്ട് ശേഷിയ്ക്കുന്ന തുകയടച്ചു തീർക്കാൻ ഹോറോവിന് മൂന്നാഴ്ച വേണമെങ്കിൽ അതങ്ങനെ തന്നെയാകട്ടെ.

ഹോറോയ്ക്ക് സന്തോഷമായി. കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം മതി ഈ പാവപ്പെട്ട ആദിവാസി കർഷകരെ സന്തോഷിപ്പിയ്ക്കാൻ.

"ഗരം ചായ് മിലേഗാ?” ഞാൻ ചായക്കടയിലേയ്ക്കു ചെന്നു. അവിടെ ചായ കുടിച്ചുകൊണ്ടിരുന്നവരെല്ലാം ഞങ്ങളെക്കണ്ട് ആദരപൂർവ്വം എഴുന്നേറ്റു തൊഴുതു. ചായക്കടയുടെ മുന്നിലിട്ടിരുന്ന കയറ്റു കട്ടിലിൽ ഇരിയ്ക്കാൻ അവർ ക്ഷണിച്ചു, “അഹോ, അഹോ, ബൊഹൊ, ബൊഹൊ”. വരൂ, ഇരിയ്ക്കൂ എന്നായിരിയ്ക്കണം.

പാവങ്ങളാണ് ഇവിടുത്തെ ഈ ആദിവാസികൾ. സ്നേഹസമ്പന്നരും. ഏതാനും മാസം കൊണ്ട് അപരിചിതനായ എനിയ്ക്കു പോലും ആദിവാസി കർഷകരുടെ സ്നേഹം അനുഭവപ്പെടാൻ തുടങ്ങി എന്നതാണു വാസ്തവം. ലോണെടുത്തിട്ടു തിരിച്ചടയ്ക്കാതെ മനുഷ്യരെ ബുദ്ധിമുട്ടിയ്ക്കുന്ന കൂട്ടർ എന്ന അവജ്ഞ പാടേ മാറി, സഹതാപവും സഹായവും അർഹിയ്ക്കുന്ന സഹജീവികൾ എന്ന വീക്ഷണം കൈവന്നു. കഷ്ടപ്പാടുകൾ സഹിച്ച്, മുഖ്യാഹാരമായ അരി ഉത്പാദിപ്പിച്ച് അന്യരുടെ ജീവിതം സുഖകരമാക്കുന്ന വിലപ്പെട്ട മനുഷ്യരാണിവർ എന്ന തിരിച്ചറിവും കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് കൈവന്നിരിയ്ക്കുന്നു.

തണുപ്പിനിടയിൽ കിട്ടിയ ചൂടൻ ചായ ചൂടോടെ മൊത്തുന്നിനിടയിൽ ഗുരിയ എല്ലാവരുമായും കുശലപ്രശ്നം നടത്തി. ഗുരിയയ്ക്ക് എത്ര വയസ്സായെന്ന് ഗുരിയയ്ക്കു പോലും കൃത്യമായ അറിവില്ല. കോയീ പച്ചാസ് സാഠ്എന്നാണു ഗുരിയ പറയാറ്. അൻപത്, അറുപത്. മുടിയും താടിയും നരച്ചിട്ടുണ്ട്. എങ്കിലും ചുറുചുറുക്കുണ്ട്. ആ ചുറുചുറുക്കുകൊണ്ടാണ് ഏതാനും മാസങ്ങളായി തുടർച്ചയായി ഞാനുമൊത്ത് സഞ്ചരിയ്ക്കാനാകുന്നത്.

ഗുരിയയ്ക്ക് ഇവിടങ്ങളിലെ എല്ലാ ആദിവാസികളും സുപരിചിതരാണ്. സകലർക്കും ഗുരിയ സുപരിചിതനുമാണ്. ഇവിടങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഇതുപോലെ ഓടിനടന്നു കഷ്ടപ്പെടുന്നവർ വേറെയുണ്ടാവില്ല. സ്വാർത്ഥമതിയായിരുന്നെങ്കിൽ എന്നെ സഹായിയ്ക്കാനായി ഇങ്ങനെ ഇറങ്ങിത്തിരിയ്ക്കുമായിരുന്നില്ല. ആഴ്ചയിൽ ആറു ദിവസവും അഞ്ചാറു മണിക്കൂർ എനിയ്ക്കുവേണ്ടി യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഗുരിയ എനിയ്ക്കു വേണ്ടി ചെലവഴിയ്ക്കുന്നു. വാസ്തവത്തിൽ എനിയ്ക്കു വേണ്ടിയല്ല, ആദിവാസികൾക്കു വേണ്ടി എന്നു പറയണം.

ഞാൻ ആലോചിയ്ക്കാറുണ്ട്. ഗുരിയ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഗോലാഘാട്ട് പ്രദേശത്തെ ആദിവാസികളുടെ നൂറു ശതമാനം വോട്ടും ഗുരിയയ്ക്കു കിട്ടും. ഒരിയ്ക്കൽ ഞാനക്കാര്യം ഗുരിയയോടു പറഞ്ഞെങ്കിലും ഗുരിയ അതു ശ്രദ്ധിച്ചു പോലുമില്ല. അത്തരം കാര്യങ്ങളിൽ ഗുരിയയ്ക്കു താത്പര്യമില്ല.

ചായ കുടിച്ച്, ഞങ്ങൾ മടക്കയാത്ര തുടങ്ങി.

റെയിൽപ്പാതയ്ക്കു സമാന്തരമായുള്ള പാടവരമ്പത്തെ ഒറ്റയടിപ്പാതയിലൂടെ മടക്കയാത്ര നടത്തിക്കൊണ്ടിരിയ്ക്കെ, ഗുരിയ ചോദിച്ചു, സാബ്, ക്ലോസു ചെയ്ത ഒരക്കൌണ്ടിനെ കാണണമെന്നു സാബ് പറഞ്ഞിരുന്നു. ആ അക്കൌണ്ട് ദാ, ആ കാണുന്ന വഴിയേ തിരിഞ്ഞു പോകുമ്പോഴാണുള്ളത്.

അല്പമകലെ ഗുരിയ ചൂണ്ടിക്കാണിച്ച ഒറ്റയടിപ്പാതയുടെ ഒരു ശാഖ റെയിൽ കടന്ന് അപ്പുറത്തേയ്ക്കു പോകുന്നു. റെയിലിനപ്പുറം നാഗാലാന്റിന്റെ തർക്കഭൂമി.

ഞാൻ ബൈക്കു നിർത്തി.

നാഗാലാന്റിന്റെ തർക്കഭൂമിയിലേയ്ക്കു കാലെടുത്തു വയ്ക്കുന്നതിനു മുൻപ് ആലോചിയ്ക്കാനുണ്ട്. അറിഞ്ഞുകൊണ്ട് ആപത്തിലേയ്ക്ക് എടുത്തു ചാടിയിട്ടു കാര്യമില്ല. പിൽക്കാലത്തു ദുഃഖിയ്ക്കേണ്ടി വരും.

കുന്തവും വാളുമുപയോഗിച്ച് ആദിവാസികളെ കൂട്ടക്കൊല ചെയ്ത നാഗന്മാരുള്ള തർക്കഭൂമി. നാഗാ പോലീസിനേക്കാളുപരിയായി, എൻ എസ് സി എൻ എന്ന നാഗാ തീവ്രവാദി സംഘടന അരങ്ങു വാഴുന്ന ആ പ്രദേശത്തേയ്ക്കു കടക്കുന്നത് ബുദ്ധിപരമാകുമോ? കുന്തം, വാൾ എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ എന്നെയൊരു വിറയൽ ബാധിയ്ക്കാറുണ്ട്. എൻ എസ് സി എന്നിന്റെ പക്കലാണെങ്കിൽ കുന്തവും വാളുമല്ല, അവയേക്കാൾ കൂടുതൽ വിനാശകാരികളായ ഗ്രനേഡും തോക്കുമാണുള്ളത്. ചൈനയിൽ നിന്ന് അവർക്ക് ആയുധങ്ങൾ കിട്ടുന്നു എന്നാണു വാർത്ത.

എന്റെ ശങ്ക കണ്ട് ഗുരിയ ധൈര്യപ്പെടുത്തി: കുറച്ചു കാലമായി ഇവിടെ കുഴപ്പങ്ങളുണ്ടായിട്ടില്ല. തത്കാലം ഭയപ്പെടാൻ ഒന്നുമില്ല എന്നർത്ഥം.

ഇവിടുന്നെത്ര ദൂരമുണ്ട്? റെയിലിനപ്പുറത്തെ നാഗാലാന്റിലേയ്ക്കു നോക്കിക്കൊണ്ടു ഞാൻ ചോദിച്ചു. റെയിലിനപ്പുറത്ത് പാടവരമ്പത്തുകൂടിയുള്ള ഒറ്റയടിപ്പാത തുടരുന്നു; അങ്ങു ദൂരെ ഇരുണ്ട മരക്കൂട്ടങ്ങൾക്കിടയിൽ വഴി അപ്രത്യക്ഷമാകുന്നു. അവിടവിടെ വീടുകളുണ്ട്. അവയിൽ ചെറു വിളക്കുകൾ തെളിഞ്ഞിരിയ്ക്കുന്നു. വൈദ്യുതിദീപങ്ങൾ എങ്ങുമില്ല. കേരളത്തിലെ ചില പഞ്ചായത്തുകൾ പൂർണ്ണവൈദ്യുതവൽക്കരണം നേടിയതായി പത്രത്തിൽ വായിച്ച കാര്യമോർത്തു. ഇവിടെ, ഈ പ്രദേശത്താകട്ടെ ഒരു ബൾബു പോലും കാണുന്നില്ല.

പാഞ്ച് മിനിറ്റ്. ഗുരിയ നിസ്സാരമായി പറഞ്ഞു.

ഗുരിയയുടെ അഞ്ചു മിനിറ്റ് നമ്മുടെ അര മണിക്കൂറായെന്നു വരാം. വാച്ചിൽ നോക്കി. സമയം നാലു മണി കഴിഞ്ഞിരിയ്ക്കുന്നു. അര മണിക്കൂർ അങ്ങോട്ടും അരമണിക്കൂർ തിരിച്ചിങ്ങോട്ടും. ആകെ ഒരു മണിക്കൂർ. ഇരുട്ടിൽ വരമ്പത്തുകൂടി ബൈക്കോടിയ്ക്കേണ്ടി വരും. വരമ്പത്തുകൂടി മാത്രമല്ല, അതിനു ശേഷം ഇരുട്ടിൽ അപായങ്ങൾ പതിയിരിയ്ക്കുന്ന എൻ എച്ച് 39ലൂടെയും തിരികെ ബൈക്കോടിയ്ക്കേണ്ടി വരും. എൻ എച്ച് 39ൽ പിടിച്ചുപറി, നാഗാ കലാപകാരികളുടെ തട്ടിക്കൊണ്ടു പോകൽ, കാട്ടാന, പുലി എന്നിവയെയൊക്കെ നേരിടേണ്ടി വന്നേയ്ക്കാം.

പുതിയ ബുള്ളറ്റ് ബൈക്ക്. ഫുൾ ചാർജ്ജുള്ള ബാറ്ററി. ഹെഡ്ലൈറ്റിനു നല്ല പ്രകാശമുണ്ടാകാറുണ്ട്. ആ പ്രകാശത്തിൽ വരമ്പത്തുകൂടി ബൈക്കോടിയ്ക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്തായാലുമൊന്നു പൊയ്ക്കളയാം. പോയി വേഗം തിരിച്ചു പോരാം. ആളെ കാണുക, ലോൺ അടച്ചു തീർത്തതിന് കൈ പിടിച്ചു കുലുക്കി അഭിനന്ദിയ്ക്കുക, തിരികെപ്പോരുക. അത്ര തന്നെ. ഇന്നു കാണാനുണ്ടായിരുന്ന മറ്റെല്ലാവരേയും കണ്ടു കഴിഞ്ഞിരിയ്ക്കുന്നു, പ്രതീക്ഷിച്ച കളക്ഷനും കിട്ടിക്കഴിഞ്ഞിരിയ്ക്കുന്നു. ആകെ പ്രസന്നമായ ദിനം. അഭിനന്ദനങ്ങൾ കൊടുക്കാൻ പറ്റിയ ദിവസം.

ഹൈവേയിലെ അപായങ്ങളുടെ കാര്യമാണെങ്കിൽ, എൻ എച്ച് 39ന് നല്ല വീതിയുണ്ട്. വാഹനങ്ങൾ പൊതുവിൽ കുറവും. അതുകൊണ്ട് കത്തിച്ചു വിടാം. പിന്നെ, ഗുരിയ കൂടെയുള്ളതും ധൈര്യം തരുന്നു. എനിയ്ക്ക് അഹോമിയയിൽ - ആസ്സമീസിൽ - ഒരു വാക്കുപോലും വരില്ലെങ്കിലും, ഗുരിയ അറിയാത്ത ഭാഷകളില്ല. നാഗന്മാർ വന്നാൽ അവരുമായുള്ള സംഭാഷണങ്ങൾ ഗുരിയ നടത്തിക്കോളും. ഒരുപക്ഷെ കാട്ടാനകളുമായിപ്പോലും ഗുരിയയ്ക്ക് പരിചയമുണ്ടായിരിയ്ക്കാം. ഗുരിയ കൂടെയുള്ള നിലയ്ക്ക് ധൈര്യമവലംബിയ്ക്കുക തന്നെ. ഹൈവേയിൽ എന്തൊക്കെ അപായങ്ങൾ പതിയിരിപ്പുണ്ടാകാമെങ്കിലും ഒരല്പമൊക്കെ റിസ്കെടുക്കണം.

ഞാൻ പറഞ്ഞു, അഭിനന്ദിയ്ക്കേണ്ടവരെ അഭിനന്ദിയ്ക്കാതിരിയ്ക്കുന്നതു ശരിയല്ല. നമുക്കൊന്നു പോയിപ്പോരാം.

ഠീക്കെ സാബ്. ഗുരിയയ്ക്ക് ഉത്സാഹമായി.

ഞാൻ വണ്ടിയെടുത്തു. റെയിൽപ്പാളങ്ങൾ ശ്രദ്ധിച്ചു മുറിച്ചുകടന്ന് നാഗാലാന്റിലെത്തി. നാഗാലാന്റിന്റെ ഭാഗമായ ദിമാപ്പൂരിലൂടെ ട്രെയിനിനു പല തവണ പോയിട്ടുണ്ടെന്നല്ലാതെ, നാഗാലാന്റിൽ ഇതുവരെ കാലു കുത്തിയിട്ടില്ല. നാഗാലാന്റിനോട് ഒരിയ്ക്കലും പ്രതിപത്തി തോന്നിയിട്ടില്ല. എന്നു തന്നെയുമല്ല, നാഗാലാന്റിൽ നിന്ന് അല്പം അകന്നു നിൽക്കുന്നതാകും ബുദ്ധിയെന്ന് തോന്നാറുണ്ടു താനും.

ലോൺ തിരിച്ചടയ്ക്കാൻ ബാക്കിയുള്ളവരിൽ ഓരോരുത്തരേയും ചെന്നു കണ്ട് ലോണിനെപ്പറ്റി ഓർമ്മിപ്പിയ്ക്കുകയും അവരിൽ നിന്ന്, ‘ബൈ ഹുക്ക് ഓർ ക്രൂക്ക്’, മുഴുവൻ തുകയും പിരിച്ചെടുക്കുകയും ചെയ്യുക മാത്രമാണ് എന്റെ ചുമതല. ലോൺ അടച്ചു തീർത്തിരിയ്ക്കുന്നവരെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. എങ്കിലും ലോണെടുത്ത മുന്നൂറു പേരിൽ ആകെക്കൂടി ഒരേയൊരാൾ മാത്രം അതു പൂർണ്ണമായും തിരിച്ചടച്ചിരിയ്ക്കുമ്പോൾ ആ ഒരാളെ നേരിൽക്കണ്ട് അഭിനന്ദിയ്ക്കേണ്ടതുണ്ടെന്നു തോന്നി. ‘ആയിരത്തിലൊരുവൻ’ എന്ന പോലെ മുന്നൂറിലൊരുവൻ. അക്കാര്യം ഗുരിയയോട് മുൻപൊരിയ്ക്കൽ സൂചിപ്പിച്ചിരുന്നു. ഗുരിയ അതോർമ്മയിൽ വയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

അങ്ങകലെ, ഇരുണ്ട മരക്കൂട്ടങ്ങൾക്കിടയിലേയ്ക്കു കയറിപ്പോകുന്ന, പാടവരമ്പിലെ നടപ്പാതയിലൂടെ ബൈക്കു വിട്ടു.

അവിടെ എവിടെയെങ്കിലുമൊക്കെയായിരിയ്ക്കും നാഗന്മാരുള്ളത്. അന്യസംസ്ഥാനക്കാരെ തട്ടിക്കൊണ്ടു പോകുന്നത് നാഗാലാന്റിൽ പതിവാണ്. തട്ടിക്കൊണ്ടു പോയ ശേഷം വൻ തുകകൾ മോചനദ്രവ്യമായി അവരാവശ്യപ്പെടുന്നു. വില പേശലുകളിൽ തുക അൽപ്പം കുറയുമായിരിയ്ക്കും. എങ്കിലും അവർക്കു വൻ തുകകൾ കിട്ടാറുണ്ടെന്നാണു പത്രവാർത്തകളിൽ നിന്നു ലഭിയ്ക്കുന്ന സൂചന. കൈമാറിയ തുക എത്രയായിരുന്നെന്നു പുറത്തു വിട്ടുകാണാറില്ല.

ഇരുട്ടിയ ശേഷം തെരുവിലിറങ്ങി നടന്നാൽ നാഗന്മാർ പിടികൂടി കൈവശമുള്ള പണം മുഴുവനും പിടിച്ചുവാങ്ങുമെന്ന് ബാങ്കിന്റെ ദീമാപ്പൂർ ശാഖയിലെ സഹപ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇരുട്ടിയ ശേഷം അവർ പുറത്തിറങ്ങാറില്ലത്രെ.

നാഗന്മാർ എന്നേയും ഗുരിയയേയും പിടികൂടുന്നെന്നു കരുതുക. ആദിവാസിയായ ഗുരിയയെ അവർ വിട്ടയയ്ക്കും. പക്ഷേ എന്റെ പക്കൽ നിന്ന് വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടേയ്ക്കാം. എവിടുന്നുണ്ടാക്കും അത്.

അമ്മയുടെ പക്കലാണെങ്കിൽ പ്രതിമാസ പെൻഷനും മാസം തോറും ഞാനയച്ചുകൊടുക്കുന്ന തുകയുമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. രണ്ടും ചെറു തുകകൾ. വൻ തുക എന്റെ മോചനദ്രവ്യമായി കൊടുക്കാൻ എന്റെ ബാങ്കു തയ്യാറാകുമോ? നാഗന്മാർ ആവശ്യപ്പെടുന്നത് അൻപതു ലക്ഷമാണെന്നു സങ്കൽപ്പിയ്ക്കുക. അൻപതു ലക്ഷം പോയിട്ട് അഞ്ചു ലക്ഷം പോലും കൊടുക്കാൻ ബാങ്കു തയ്യാറാകുമെന്നു തോന്നുന്നില്ല.

ഡീജീ‌എമ്മുമാരിൽ ചിലർക്ക് എന്നോടു താത്പര്യമുണ്ട്. അവർ അഞ്ചുലക്ഷം ശുപാർശ ചെയ്യാൻ തയ്യാറാകുമായിരിയ്ക്കും. ആ ശുപാർശയിന്മേൽ ഒപ്പു വയ്ക്കാൻ ജീ എമ്മും തയ്യാറായേയ്ക്കാം. പക്ഷേ, മറ്റു ചില ഡിപ്പാർട്ടുമെന്റുകൾ പ്രതിബന്ധങ്ങളുയർത്താനാണു വഴി. ബാങ്കിനു നഷ്ടം വരാതെ നോക്കാൻ അവർ ശ്രമിയ്ക്കും. ഇയാളുടെ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഈടാക്കാവുന്ന തുകയ്ക്കു തുല്യമായതു മാത്രം കൊടുത്താൽ മതി എന്നായിരിയ്ക്കാം അവർ അഭിപ്രായപ്പെടാൻ പോകുന്നത്. അത് ഒരുലക്ഷമെങ്കിലും ഉണ്ടായാൽ ഭാഗ്യം.

ബാങ്കിന്റെ നിയമവകുപ്പ് മറ്റൊരു വാദമുഖം കൂടി ഉന്നയിച്ചെന്നു വരാം. പൌരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല സർക്കാരിന്റേതാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട പൌരന്മാരെ മോചിപ്പിയ്ക്കുന്നത് സർക്കാരിന്റെ കടമയാണ്. അതുകൊണ്ട് സർക്കാർ തന്നെ മോചിപ്പിയ്ക്കട്ടെ. ബാങ്ക് ഇക്കാര്യത്തിൽ ഇടപെടുകയേ വേണ്ട, എന്നായിരിയ്ക്കാം നിയമവകുപ്പ് നിർദ്ദേശിയ്ക്കാൻ പോകുന്നത്.

ഇത്തരത്തിലാണു കാര്യങ്ങൾ പോകുന്നതെങ്കിൽ മിയ്ക്കവാറും ഞാൻ ശിഷ്ടജീവിതം മുഴുവനും നാഗന്മാരുടെ തടവറയിൽ കഴിച്ചു കൂട്ടേണ്ടി വരും!

ലോൺ തിരിച്ചടയ്ക്കാത്തവരെ കണ്ടു പിടിച്ചു താക്കീതു നൽകുമ്പോൾ സ്വയമേവ അടച്ചയാളെ അഭിനന്ദിയ്ക്കുകയും വേണം. അതാണതിന്റെ ശരി. അത് ലോൺ തിരിച്ചടയ്ക്കാത്തവർക്ക് തിരിച്ചടയ്ക്കാനുള്ളൊരു പ്രചോദനവും പ്രേരണയുമാകുകയും ചെയ്യും. ക്ലോസ്ഡ്സീലടിച്ച് ഒപ്പിട്ട രാം രത്തൻ ടുഡുവിന്റെ പ്രോമിസ്സറി നോട്ട് ബൈക്കിന്റെ പെട്ടിയിൽ ഫയലിൽ കൊണ്ടു നടക്കുന്നു. ടുഡുവിനെ കണ്ടുമുട്ടുമ്പോൾ അതു കൈമാറണം. അഭിനന്ദനത്തോടൊപ്പം.

കേരളത്തിൽ പൊതുജനം പരാതിപ്പെടാറുണ്ട്. ഡെപ്പൊസിറ്റ് ക്യാൻ‌വാസ്സു ചെയ്യാൻ വരുമ്പോൾ, ബാങ്കുമാനേജർ തേനൂറുന്ന വാക്കുകൾ പറയും. അച്ചാ, അപ്പച്ചാ, വല്യുപ്പാ, എന്നൊക്കെ വിളിയ്ക്കും. ആശ്ലേഷിയ്ക്കും. എന്നാൽ അതേ മാനേജരെത്തന്നെ ഒരു ലോണിനു വേണ്ടി സമീപിച്ചു നോക്കൂ, മാനേജരുടെ തനിസ്വഭാവം അപ്പോഴാണു പുറത്തു വരിക. ആധാരം, മുന്നാധാരം, കുടിക്കട സർട്ടിഫിക്കറ്റ്, മുക്ത്യാറ്, സന്നത്, പാൻ‌കാർഡ്, ഇങ്കം ടാക്സ്...ഇതൊക്കെ കൊണ്ടു വരൂ. ലിസ്റ്റു പകുതി കേൾക്കുമ്പോഴേ ലോണിനുവേണ്ടി വന്നയാളുടെ തല കറങ്ങാൻ തുടങ്ങും.

നേരേ വിരുദ്ധമായ അഭിപ്രായമായിരിയ്ക്കും ബാങ്കുമാനേജർമാർക്കു പറയാനുള്ളത്. ലോൺ വാങ്ങാൻ വരുമ്പോൾ എല്ലാവരും പഞ്ചാരവർത്തമാനം പറഞ്ഞുപറ്റിച്ച് കടം വാങ്ങിക്കൊണ്ടു പോകും. പിന്നെ തിരിഞ്ഞു നോക്കുക പോലുമില്ല. ലോണിലെ മുടക്കു തീർക്കുന്ന കാര്യം ഓർമ്മപ്പെടുത്തിയാൽ കടമെടുത്തയാൾ ചോദിയ്ക്കും, “നിങ്ങടെ കാശും കൊണ്ട് ഞാൻ ഓടിപ്പോകാനൊന്നും പോകുന്നില്ല. ഞാൻ കാശു വാങ്ങിയിട്ടുണ്ടെങ്കിൽ ഞാനതു തിരികെത്തന്നിരിയ്ക്കും. എപ്പഴുമിങ്ങനെ വന്നു ശല്യപ്പെടുത്തണ്ട!

ഈ വാക്കാൽ‌പ്രയോഗങ്ങൾ സഹിയ്ക്കാം. കയ്യാങ്കളിയാണു അസഹനീയം. ലോണിലെ മുടക്കു തീർക്കണം എന്നു തെര്യപ്പെടുത്താൻ ചെന്ന മാനേജർമാരിൽ ചിലർ തല്ലുകൊണ്ട് ഓടിയ സംഭവങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഐ ആർ ഡി പി, പി എം ആർ വൈ, എസ് ഈ ഈ യു വൈ, എന്നിങ്ങനെയുള്ള കൊച്ചുകൊച്ചു ലോണുകൾ. അങ്ങനെ ഓടുന്ന മാനേജർമാരിൽ പലരും ആ ഓട്ടത്തിനിടയിൽത്തന്നെ, “ഇനി ഒരാൾക്കും ലോൺ കൊടുക്കുന്ന പ്രശ്നമില്ലഎന്നു ദൃഢപ്രതിജ്ഞയെടുത്തിട്ടുമുണ്ടാകും. ലോൺ കൊടുത്തുപോയാലാണ് ഇത്തരം കുഴപ്പങ്ങളിൽ ചെന്നു ചാടേണ്ടി വരുന്നത്. ലോൺ കൊടുക്കാതിരുന്നാൽ കുഴപ്പമില്ലല്ലോ.

ആസ്സാമിലെ ആദിവാസികൾക്ക് മൂന്നര വർഷം മുൻപു കൊടുത്തിരുന്ന അയ്യായിരം രൂപയിൽ കൂടാത്ത മുന്നൂറു ലോണുകളിൽ മുന്നൂറിലും ഒരു രൂപ പോലും തിരിച്ചടവു വരാതായപ്പോൾ അവ നേരിട്ടു ചെന്നു പിരിച്ചെടുക്കാൻ വേണ്ടി, വിദേശികൾക്കെതിരെയുള്ള പ്രക്ഷോഭണം രക്തരൂഷിതമായിക്കൊണ്ടിരുന്ന ഉൾനാടൻ മേഖലകളിലേയ്ക്ക് രണ്ടും കല്പിച്ചു കടന്നു ചെല്ലുമ്പോൾ എന്റെ മനസ്സിൽ ആപദ് ഭീതിയുണ്ടായിരുന്നു. ലോണെടുത്തിരിയ്ക്കുന്നവർ ക്രുദ്ധരായി തല്ലാൻ വന്നാൽ എന്തു ചെയ്യും? കേരളത്തിലായിരുന്നെങ്കിൽ സ്വന്തം നാടാണ്, എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെടാമെന്നു വയ്ക്കാം. എന്നാൽ ആസ്സാമിലെ ഒരു പരിചയവുമില്ലാത്ത മേഖലകളിൽ എങ്ങോട്ടോടി രക്ഷപ്പെടും?

ഒരു ഭാഗത്ത് കാട്ടാനകളും പുലികളും. വേറൊരിടത്ത് ആസ്സാം പ്രക്ഷോഭകർ. ഇനിയുമൊരിടത്ത് നാഗാ കലാപകാരികൾ. ചെകുത്താനും കടലിനുമിടയിൽ. കുറച്ചുകൂടി കൃത്യമായിപ്പറയുകയാണെങ്കിൽ, ചെകുത്താന്മാർക്കും കാട്ടുമൃഗങ്ങൾക്കുമിടയിൽ.

കടമെടുത്തിരുന്ന ആദിവാസി കർഷകർ കൃഷി ചെയ്തു ജീവിച്ചിരുന്നത് ബാങ്കു സ്ഥിതിചെയ്യുന്ന ജോർഹാട്ടിൽ നിന്ന് നൂറു കിലോമീറ്ററോളം അകലെ, ഗോലാഘാട്ടിനപ്പുറത്തെ രംഗജാൻ, സരുപ്പത്ഥർ, ടിറ്റാബറിനടുത്തുള്ള രാജാബാരി എന്നിവിടങ്ങളിലായിരുന്നു. കൃഷിയിൽ നിന്നുള്ള പ്രതിവർഷ വരുമാനം കൊണ്ട് ഓരോ കർഷകനും മൂ‍ന്നു വർഷം കൊണ്ട് ലോൺ അടച്ചു തീർക്കാൻ പറ്റും എന്നായിരുന്നു കണക്കുകൂട്ടൽ. പലിശ വെറും നാലു ശതമാനം മാത്രം. ലോണെടുത്ത കർഷകർ തവണത്തുകകൾ ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയെ അപ്പപ്പോൾ ഏൽപ്പിയ്ക്കുമെന്നും, സമിതി ആ തുകകളെല്ലാം കൂടി ജോർഹാട്ടിലെ ബാങ്കിനു കൈമാറുമെന്നുമായിരുന്നു, പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.

ലോണെടുത്തിരുന്ന കർഷകരിൽ പലരും പലപ്പോഴായി പല തുകകളും ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയെ ഏൽപ്പിച്ചിരുന്നു. ബാങ്ക് നൂറു കിലോമീറ്ററോളം അകലെയായതുകൊണ്ട് സമിതിയ്ക്ക് തുകകൾ ബാങ്കിലേയ്ക്കെത്തിയ്ക്കാനായില്ല. തുകകൾ ഏറ്റുവാങ്ങാൻ ബാങ്കിൽ നിന്ന് ആരെങ്കിലും വരുമെന്ന് സമിതി ഭാരവാഹികൾ പ്രതീക്ഷിച്ചു. നൂറു കിലോമീറ്റർ ദൂരം ബാങ്കുദ്യോഗസ്ഥർക്കും തടസ്സമായി ഭവിച്ചു. അങ്ങനെ, ബാങ്കുദ്യോഗസ്ഥർ സമിതിയുടെ അടുത്തേയ്ക്കും സമിതി ബാങ്കിലേയ്ക്കും വന്നില്ല. ലോണുകളിൽ അടയേണ്ടിയിരുന്ന പണം പകുതിവഴിയിൽ കുടുങ്ങിക്കിടന്നു.

ലോണുകളുടെ കാലാവധിയായ മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു ലോണും ക്ലോസുചെയ്യപ്പെട്ടില്ല. ക്ലോസു ചെയ്യുന്നതു പോകട്ടെ, ഒരുറുപ്പിക പോലും ഒരു ലോണിൽ പോലും അടഞ്ഞിരുന്നുമില്ല.

പ്രോമിസ്സറി നോട്ടായിരുന്നു ഓരോ ലോണിനും വേണ്ടി ഒപ്പിടീച്ചെടുത്തിരുന്ന രേഖകളിൽ ഏറ്റവും മുഖ്യമായിരുന്നത്. ഒരു രൂപ പോലും തിരിച്ചടവു വരാത്ത അക്കൌണ്ടുകളിൽ മൂന്നു വർഷം കഴിഞ്ഞുപോയ പ്രോനോട്ടുകൾക്ക് അവയെഴുതാനുപയോഗിച്ചിരിയ്ക്കുന്ന കടലാസ്സിന്റെ വില പോലുമില്ലാതായി. ഒൻപതു ലക്ഷത്തോളം രൂപ കിട്ടാക്കടമായി മാറിക്കഴിഞ്ഞപ്പോൾ ബാങ്ക് സുഷുപ്തിയിൽ നിന്നുണർന്നു.

മൂന്നര വർഷം മുൻപ് മുന്നൂറു ലോണുകൾ വിതരണം ചെയ്തയുടനെ ആസ്സാമിൽ നിന്നു കേരളത്തിലേയ്ക്കു സ്ഥലം മാറ്റം വാങ്ങി കടന്നു കളഞ്ഞിരുന്ന അന്നത്തെ ബ്രാഞ്ചു മാനേജരുടെ മേൽ ആരോപണമുയർന്നു: മുന്നൂറു ലോണുകളും മാനേജരുടെ ഒരു വൻ തട്ടിപ്പായിരുന്നിരിയ്ക്കണം എന്ന അഭ്യൂഹം കടലാസ്സിലേയ്ക്കും ഫയലുകളിലേയ്ക്കും പടർന്നു.

അന്നത്തെ ബ്രാഞ്ചു മാനേജരെ ശരിയ്ക്കറിയാമായിരുന്ന ബാങ്കിന്റെ ഉന്നതരിൽ ചിലർ ഈ ആരോപണങ്ങൾ വിശ്വസിച്ചില്ല. എങ്കിലും അവർ അന്നത്തെ ബ്രാഞ്ചു മാനേജരോട് ആരാഞ്ഞു: ആ ലോണുകളിൽ നിന്ന് ബാങ്കിനു വലുതായ നഷ്ടമുണ്ടായിക്കഴിഞ്ഞിരിയ്ക്കുന്നു. ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?

അന്നത്തെ ബ്രാഞ്ചു മാനേജർ വിശദീകരിച്ചു: ലോണെടുത്തവർ ആദിവാസി കർഷകരായിരുന്നു. ദരിദ്രരെങ്കിലും സത്യമുള്ളവരാണവർ. ലോൺ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടെങ്കിൽ അവരതു തീർച്ചയായും തിരിച്ചടയ്ക്കും. തന്നെ ആസ്സാമിലേയ്ക്ക് ഒന്നു കൂടി വിടുക. കടമെടുത്തിരിയ്ക്കുന്ന കർഷകരെയെല്ലാം നേരിൽക്കണ്ട് അവരെക്കൊണ്ട് ലോണുകൾ തിരിച്ചടപ്പിയ്ക്കാനുള്ള ശ്രമം നടത്തി നോക്കാം. കുറേയൊക്കെ ഫലമുണ്ടാകും, തീർച്ച. ആ നിർദ്ദേശം ബാങ്കിനു സ്വീകാര്യമായി.

തട്ടിപ്പു നടത്തിയെന്ന് ആരോപിയ്ക്കപ്പെട്ട അന്നത്തെ ബ്രാഞ്ചു മാനേജർ ഈ ലേഖകനായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ, മൂന്നരക്കൊല്ലത്തിനു ശേഷം ഞാൻ ആസ്സാമിൽ വീണ്ടുമെത്തി.

കേരളത്തിലെ പല സഹകരണസംഘങ്ങളും ഭരണസമിതിക്കാരുടെ സത്യസന്ധതക്കുറവു മൂലം അടച്ചുപൂട്ടിപ്പോയ ചരിത്രം എനിയ്ക്കു നേരിട്ടറിവുണ്ട്. എന്നാൽ എന്റെ ഭാഗ്യം കൊണ്ട് ഗോലാഘാട്ട് ആദിവാസി വികാസ് സമിതി ഭാരവാഹികൾ സത്യസന്ധരായിരുന്നു. പ്രത്യേകിച്ചും സമിതിയുടെ പ്രസിഡന്റ് വന്ദ്യവയോധികനായ ടോപ്നോ. ടോപ്നോയ്ക്കും സമിതി സെക്രട്ടറി മുർമുവിനും വിദ്യാഭ്യാസം തീരെക്കുറവായിരുന്നു. എഴുതാനും വായിയ്ക്കാനും കഷ്ടി അറിയാമെന്നു മാത്രം. വിദ്യാഭ്യാസത്തിലുണ്ടായിരുന്ന പോരായ്ക സത്യസന്ധതകൊണ്ട് അവർ പരിഹരിച്ചു. കടമെടുത്തിരുന്ന ആദിവാസി കർഷകർ തങ്ങളുടെ ലോണുകളിലേയ്ക്കുള്ള തിരിച്ചടവിനായി സമിതിയെ ഏൽപ്പിച്ച തുകകൾ മുഴുവനും ടോപ്നോയും മുർമുവും സഹകരണബാങ്കിന്റെ ഗോലാഘാട്ട് ശാഖയിൽ, ഒരു പ്രത്യേകം അക്കൌണ്ടിൽ സൂക്ഷിച്ചു.

മൂന്നര വർഷം മുൻപ്, മുന്നൂറു ലോണുകൾ വിതരണം ചെയ്തയുടനെ തിരിച്ചടവു കിട്ടിത്തുടങ്ങുമ്പോൾ അവ കൃത്യമായി രേഖപ്പെടുത്താനായി ഒരു തടിച്ച രജിസ്റ്റർ ടോപ്നോയെ ഞാൻ ഏൽപ്പിച്ചിരുന്നു. വിദ്യാഭ്യാസക്കുറവു മൂലം ടോപ്നോയ്ക്കും സെക്രട്ടറി മുർമുവിനും കിട്ടുന്ന തുകകൾ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു. പക്ഷേ അവരൊരു നല്ല കാര്യം ചെയ്തു. ആദിവാസികളുടെ ഇടയിൽ പൊതുപ്രവർത്തനം നടത്തി വന്നിരുന്ന ഗുരിയയുടെ സേവനം തേടി. കൈവരുന്ന തിരിച്ചടവു തുകകളെല്ലാം അവർ ഗുരിയയുടെ പക്കൽ കൊടുത്തു. ഗുരിയ അവയെല്ലാം രജിസ്റ്ററിൽ അതാതു താളുകളിൽ രേഖപ്പെടുത്തുകയും തുടർന്ന് ഗോലാഘാട്ടിലെ സഹകരണബാങ്കിൽ സമിതി തുടങ്ങിയിരുന്ന പ്രത്യേകം അക്കൌണ്ടിൽ അടയ്ക്കുകയും ചെയ്തു. ഇതു മൂലം ആരൊക്കെ എത്രയൊക്കെ തിരിച്ചടച്ചുവെന്നും ഇനി ആരൊക്കെ എത്രയൊക്കെ തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടെന്നുമെല്ലാം ഗുരിയയ്ക്ക് ഹൃദിസ്ഥമായിരുന്നു.

ഏതാനും മാസങ്ങൾ മുൻപ് ഞാൻ ചെന്നു കണ്ട പാടെ സമിതി പ്രസിഡന്റ് ആ രജിസ്റ്റർ എനിയ്ക്കെടുത്തു തന്നു. പിറ്റേന്ന് ഗുരിയയും ഞാനും കൂടി ആകെ തിരിച്ചടവു കിട്ടിക്കഴിഞ്ഞിരിയ്ക്കുന്ന തുക കണക്കുകൂട്ടിയെടുത്തു. ആ തുകയും അതിലധികവും സമിതി പ്രാദേശിക സഹകരണബാങ്കിൽ തുടങ്ങിയിരുന്ന അക്കൌണ്ടിൽ ഉണ്ടായിരുന്നു. ആ തുക പിറ്റേന്നു തന്നെ സമിതിയുടെ അക്കൌണ്ടിൽ നിന്നെടുത്തു തരാൻ ടോപ്നോയും സെക്രട്ടറി മുർമുവും ട്രഷറർ ജോജോയും തയ്യാറായി. തുക ആറു ലക്ഷത്തോളം വരുന്നതായതു കൊണ്ട്, ആ തുക മുഴുവൻ തന്നു തീർക്കാൻ സഹകരണബാങ്ക് രണ്ടാഴ്ചയോളം എടുത്തു. പന്ത്രണ്ടു ദിവസം തുടർച്ചയായി അൻപതിനായിരം രൂപ വീതം ഗോലാഘാട്ടിൽ നിന്ന് ബൈക്കിന്റെ പെട്ടിയിലാക്കി ജോർഹാട്ടിലേയ്ക്കു തനിയേ കടത്തുന്നത് ആപത്തുകളെ ക്ഷണിച്ചുവരുത്തുകയാകുമോ എന്ന സംശയമുണ്ടായിരുന്നു. പണം പിടിച്ചുപറിയ്ക്കപ്പെട്ടാൽ, ഇൻഷൂറൻസ് കവറില്ലാത്തതു കൊണ്ട് പണം നഷ്ടപ്പെട്ടതു തന്നെ.

പക്ഷേ, കലാപഭൂമിയായിരുന്നിട്ടും അനിഷ്ടസംഭവങ്ങൾ ഒന്നു പോലുമുണ്ടായില്ല.

കിട്ടാക്കടമായി ബാങ്ക് കണക്കാക്കിക്കഴിഞ്ഞിരുന്ന മുന്നൂറു ലോണുകളുടെ അറുപതു ശതമാനത്തോളം കേവലം രണ്ടാഴ്ച കൊണ്ട് ബാങ്കിനു തിരിച്ചുകിട്ടിയപ്പോൾ ബാങ്കിന്റെ ഹെഡ്ഡോഫീസിൽ നിന്ന് അഭിനന്ദനങ്ങളുടെ പ്രവാഹമുണ്ടായി. ബാങ്കിൽ നിന്നു ഞാനല്ല, മറ്റാരു ചെന്നിരുന്നെങ്കിലും ഇതേ തുക കിട്ടുമായിരുന്നെന്നും, മുഴുവൻ കൃതജ്ഞതയും അഭിനന്ദനവും ആ തുകകൾ തിരിച്ചടച്ച ആദിവാസി കർഷകർക്കും, ആ തുകകളെല്ലാം സത്യസന്ധതയോടെ, ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന ഗോലാഘാട്ട് ആദിവാസി വികാസ് സമിതിയുടെ ഭാരവാഹികൾക്കും അർഹതപ്പെട്ടതാണെന്നും ഞാൻ വിനീതമായി തിരിച്ചെഴുതി. ശേഷിച്ച നാല്പതു ശതമാനത്തിൽ ഭൂരിഭാഗവും ഏതാനും മാസങ്ങൾ കൊണ്ട് തിരികെക്കിട്ടുമെന്നു വിശ്വാസമുണ്ടെന്നും ഞാനറിയിച്ചു.

തുടർന്ന് ലോണെടുത്തവരുടെ മേഖലയെ ആറായി തിരിച്ച് ആഴ്ചയിൽ  ഓരോ ദിവസവും ഓരോരോ മേഖലയിലുമുള്ള കർഷകരെ സന്ദർശിച്ചു തുടങ്ങി. മിയ്ക്ക യാത്രകളിലും ഗുരിയ എന്നെ അനുഗമിച്ചു. ഗുരിയ വലിയൊരു സഹായമായി. കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് ഇരുപത്തഞ്ചു ശതമാനം കൂടി തിരിച്ചടവു കിട്ടി. ഇനിയൊരു പതിനഞ്ചു ശതമാനം മാത്രമാണ് അവശേഷിയ്ക്കുന്നത്. നെല്ലു വിറ്റ വില കർഷകർക്കു കിട്ടുന്നതിനനുസരിച്ച്, അടുത്ത അഞ്ചോ ആറോ ആഴ്ചകൾക്കുള്ളിൽ, പത്തു ശതമാനം കൂടി കിട്ടുമെന്ന് ഉറപ്പായിരിയ്ക്കുന്നു. അഞ്ചു ശതമാനം കിട്ടാക്കടമായിപ്പോകാനാണു സാദ്ധ്യത. അവർക്ക് പല തരത്തിലുള്ള ആപത്തുകളുണ്ടായിട്ടുണ്ട്. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സമിതി പ്രസിഡന്റ് ടോപ്നോ പുറകിലാണെങ്കിലും, പല അഭ്യസ്തവിദ്യരേക്കാളും കൂടുതൽ പക്വത വന്ദ്യവയോധികനായ ടോപ്നോയ്ക്കുണ്ട്. അദ്ദേഹത്തിന്റെ ആ വൈശിഷ്ട്യമാണ് മൂന്നരവർഷം മുൻപ് ലോണുകൾ കൊടുക്കാമെന്നു സമ്മതിയ്ക്കാൻ എനിയ്ക്കുണ്ടായ പല പ്രേരകങ്ങളിലൊന്ന്. ഗോലാഘാട്ടു മുതൽ ജോർഹാട്ട് വരെയുള്ള മേജർ ബാങ്കുകളിലെല്ലാം കയറിയിറങ്ങി നിരാശനായിരുന്ന അദ്ദേഹത്തോട് ആദ്യമായി ലോൺ തരാമെന്നു പറഞ്ഞതു ഞാനായിരുന്നെന്ന് അദ്ദേഹം ഈയ്യിടെ നന്ദിയോടെ സ്മരിച്ചിരുന്നു.

മൂന്നരവർഷം മുൻപ് അഞ്ചേക്കറിൽ കൂടാത്ത കൃഷിഭൂമിയുള്ള, പട്ടയവും വസ്തുനികുതിരസീതുമുള്ള മുന്നൂറു കർഷകർക്ക് ഒരൊറ്റദിവസം കൊണ്ട് ലോണുകൾ വിതരണം ചെയ്ത മേള ഗോലാഘാട്ടിൽ ഒരു ഉത്സവപ്രതീതിയുണർത്തിയിരുന്നു. പലയിടങ്ങളിൽ നിന്നായി ഒരുപാടു സഹകരണം അന്നു കിട്ടി. ഒൻപതു ലക്ഷം രൂപ ജോർഹാട്ടിൽ നിന്ന് ഗോലാഘാട്ടിലെത്തിയ്ക്കാൻ ജോർഹാട്ട് ടീ എസ്റ്റേറ്റ് അവരുടെ ക്യാഷ് വാൻ വിട്ടു തന്നു. ജോർഹാട്ട് പോലീസ് ക്യാഷ് വാനിന് എസ്കോർട്ടു തന്നു. ഗോലാഘാട്ട് പള്ളിയങ്കണത്തിലെ പന്തലിൽ വച്ച് ലോൺ വിതരണ പരിപാടി നടത്താൻ പള്ളി വികാരി അനുവദിച്ചു. ജോർഹാട്ട് സിവിൽ കോടതിയിലെ വക്കീൽ സൈക്കിയ പട്ടയങ്ങളും വസ്തുനികുതിരസീതുകളും സൌജന്യമായി തത്സമയപരിശോധന നടത്തി. രംഗജാൻ ടീ ഗാർഡൻ അവരുടെ ബസ്സ് അന്നു വിട്ടു തന്നു. ആദിവാസികൾ ബസ്സിൽ കയറി ഗോലാഘാട്ടിലെത്തുകയും ലോൺ കൈപ്പറ്റി മണിക്കൂറുകൾക്കുള്ളിൽ തിരികെ വീട്ടിലെത്തുകയും ചെയ്തു.

തക്ക സമയത്ത് ഒട്ടും മടികൂടാതെ തങ്ങളെ സഹായിച്ച ബാങ്കിന് ഒരു തരത്തിലുള്ള നഷ്ടവും വരാൻ സമിതി അനുവദിയ്ക്കില്ലെന്ന് ടോപ്നോ ഉറപ്പിച്ചു പറഞ്ഞു. തിരിച്ചടവ് നൂറു ശതമാനത്തിൽ എത്തിയ്ക്കുകയെന്നത് സമിതിയുടെ ഉത്തരവാദിത്വമായി അവർ കാണുന്നു. സമിതിയുടെ കൃതജ്ഞതയും ആവേശവും പദ്ധതിയുടെ ഗുണഭോക്താക്കളിലേയ്ക്കും പ്രസരിച്ചിരിയ്ക്കുന്നു. തങ്ങളുടെ ലോണുകൾ തിരിച്ചടയ്ക്കാൻ ഇത്രത്തോളം ആവേശം പ്രകടിപ്പിയ്ക്കുന്ന ഗുണഭോക്താക്കളെ വാസ്തവത്തിൽ ഞാൻ മുൻപു കണ്ടിട്ടില്ല. കൊള്ളപ്പലിശക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായതിലുള്ള ആഹ്ലാദത്തിന്റേയും ആശ്വാസത്തിന്റേയും സൂചകവുമായിരുന്നിരിയ്ക്കണം അവരുടെ ആവേശം.

സാബ്, ഇസ് തരഫ്.

ഗുരിയ ഇടത്തോട്ടു തിരിയുന്ന വഴിയിലേയ്ക്കു ചൂണ്ടിക്കാണിച്ചു. അരണ്ട വെളിച്ചത്തിൽ വഴി കാണാമെങ്കിലും ഹെഡ്ലൈറ്റ് സ്വിച്ചോൺ ചെയ്തു. വഴിയിൽ പലരേയും കണ്ടെങ്കിലും അവരിലാരും നാഗന്മാരായിരുന്നില്ല.

അല്പം കൂടി ചെന്നപ്പോൾ വലതുഭാഗത്തെ ഒരു വീട്ടിലേയ്ക്കു തിരിഞ്ഞു. വീട്ടുമുറ്റത്ത് ബൈക്കു നിർത്തി, രണ്ടു പേരും ഇറങ്ങി.

ചെറിയ വീട്. അതിന്റെ മുന്നിൽ ഒരു ഭാഗത്ത് ഒരു തുറന്ന ഷെഡ്ഡ്. അതിലൊരു ഹറിക്കെയിൻ ലാമ്പിന്റെ വെളിച്ചത്തിൽ ഏതാനും വനിതകൾ പണികളിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. അവരിൽ ചിലർ നാഗരുടെ വസ്ത്രങ്ങൾ ധരിച്ചിരിയ്ക്കുന്നു. ആ വനിതകൾ നാഗയുവതികളായിരിയ്ക്കണം. നാഗന്മാർ ആ പരിസരത്തു തന്നെയുണ്ട് എന്നർത്ഥം.

മെഴുകിയ പോലെ വൃത്തിയുള്ള മുറ്റം. ആ പ്രദേശങ്ങളിലെ മണ്ണ് പശിമയുള്ളതാണ്. ആ മണ്ണു മെഴുകിയുണ്ടാക്കിയ വരാന്ത. മുളം തൂണുകൾ താങ്ങി നിർത്തിയിരിയ്ക്കുന്ന, കനത്തിൽ പുല്ലു മേഞ്ഞ മേൽക്കൂര. നേർത്ത വാരിയിൽ പശിമയുള്ള മണ്ണു തേച്ചുപിടിപ്പിച്ചുണ്ടാക്കിയിരിയ്ക്കുന്ന ഭിത്തി. വരാന്തയിൽ ഒരു തിരിവിളക്കു തെളിയിച്ചു വച്ചിരിയ്ക്കുന്നു.

മുറ്റത്തു നിന്ന് അല്പം മാറി, നാലു കാലിന്മേൽ, മുള കൊണ്ടുണ്ടാക്കിയ, കമ്പിവലയടിച്ചിരിയ്ക്കുന്ന മൂന്നു കോഴിക്കൂടുകൾ. കൂടുകൾക്കുള്ളിൽ കോഴികൾ കളകള ശബ്ദമുണ്ടാക്കുന്നു.

ഞങ്ങളെക്കണ്ടപ്പോൾ നാഗാ യുവതികളുൾപ്പെടെ എല്ലാ വനിതകളും എഴുന്നേറ്റു വന്നു. മങ്ങിയ വെളുത്ത ബ്ലൌസു ധരിച്ച്, മുഷിഞ്ഞ വെളുത്ത സാരി പുതച്ചിരിയ്ക്കുന്നൊരു വനിത മുളകൊണ്ടുണ്ടാക്കിയ രണ്ടു പലകകൾ വരാന്തയിൽ കൊണ്ടു വച്ച്, ഞങ്ങളെ ഇരിയ്ക്കാൻ ക്ഷണിച്ചു. ഞാനിരുന്നു. ഗുരിയ ഇരുന്നില്ല.

മുഷിഞ്ഞ സാരി പുതച്ച വനിത ഗുരിയയോടെന്തോ ചോദിച്ചു. ആപ് ചായ് പിയേംഗേ?” ഗുരിയ തിരിഞ്ഞ് എന്നോടു ചോദിച്ചു. കട്ടൻ ചായ ഒരെണ്ണം അല്പം മുൻപ് കുടിച്ചതേയുള്ളു. എങ്കിലും കുഴപ്പമില്ല. ഒന്നു കൂടിയാവാം. സന്ധ്യയായതോടെ തണുപ്പ് കലശലായിരിയ്ക്കുന്നു. വനിത ചായ തയ്യാറാക്കാനായി അകത്തേയ്ക്കു പോയി.

അകന്നു നിന്നിരുന്ന വനിതകളോട് കുശലം പറഞ്ഞുകൊണ്ട് ഗുരിയ ഷെഡ്ഡിലേയ്ക്കു ചെന്നു. അവർ ചെയ്തു കൊണ്ടിരുന്ന പണികൾ കാണാൻ ഗുരിയ എന്നെ ക്ഷണിച്ചു.

മുളകൊണ്ടുള്ള കുട്ട, വട്ടി, തൊട്ടിൽ, സ്റ്റൂൾ, മടക്കാവുന്ന ചെറിയ മേശ. ഓരോന്നും ഞങ്ങൾ സ്പർശിച്ചും എടുത്തും ഹറിക്കെയിൻ ലാമ്പിന്റെ വെളിച്ചത്തിൽ തിരിച്ചും മറിച്ചും നോക്കിയും പരിശോധിച്ചു. അതിശയിപ്പിയ്ക്കുന്ന അഴകുണ്ടായിരുന്നു, അവയ്ക്കെല്ലാം. പ്രതീക്ഷിച്ചതിനേക്കാൾ കനം കുറവും. കേരളത്തിലുള്ളതിനേക്കാൾ വളരെക്കൂടുതൽ മുള ആസ്സാമിലുണ്ട്. കേരളത്തിലായിരുന്നെങ്കിൽ ഇവയിൽ പലതിനും വലിയ വില കിട്ടുമായിരുന്നെന്നു ഞാനോർത്തു. വിദേശവിനോദസഞ്ചാരികളുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ ഇവ മുഴുവനും അവർ പൊന്നുംവില കൊടുത്തു വാങ്ങിത്തീർത്തേനേ. ആസ്സാമിൽ വിദേശികളുടെ വരവ് കേരളത്തിലേതിനേക്കാൾ വളരെ കുറവാണ്. ഏറ്റവുമധികം വിദേശി വിനോദസഞ്ചാരികൾ വരുന്ന പത്തു സംസ്ഥാനങ്ങളിൽ ആസ്സാം പെടുന്നില്ല.

ബഹുത്ത് അച്ഛാ ഹെ. ഞാൻ പറഞ്ഞു. യുവതികൾക്കു സന്തോഷമായി.

യുവതികളുമായി സംസാരിച്ച ശേഷം ഗുരിയ എന്നോടു പറഞ്ഞു. യേ ലോഗ് കാം സീഖ് രഹേ ഹെ.ഇവരെല്ലാം ജോലി പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഗുഡ്.

പുസ്പയാണു പഠിപ്പിയ്ക്കുന്നത്.

ആരാണു പുസ്പ?

ചായ കൊണ്ടുവരാൻ അകത്തേയ്ക്കു പോയ സ്ത്രീ.

പുസ്പ ഇവിടുത്തെ വീട്ടമ്മയായിരിയ്ക്കണം. ഞാനൂഹിച്ചു. മുള കൊണ്ടുള്ള ഈ കുട്ടയും വട്ടിയുമെല്ലാം നല്ല വിലകിട്ടുന്നവയാണ്. പിന്നെ കോഴിവളർത്തൽ. വീട്ടമ്മയുടെ ഇത്തരം പ്രവർത്തനങ്ങൾ ഭർത്താവിന് വലുതായ സഹായമായിത്തീരും. ലോൺ നേരത്തേ തന്നെ തിരിച്ചടയ്ക്കാൻ ടുഡുവിനെ പുസ്പ സഹായിച്ചിട്ടുണ്ടാകണം.

രാം രത്തൻ ടുഡു എവിടെ? ഞാൻ ചോദിച്ചു.

പുസ്പ ചായ കൊണ്ടു വന്നു. മുളകൊണ്ടുണ്ടാക്കിയ, വട്ടത്തിലുള്ള, ചെറിയൊരു ട്രേയിലാണു ചായ ഗ്ലാസ്സുകൾ കൊണ്ടു വന്നത്. ഞങ്ങൾ ഓരോ ഗ്ലാസ്സെടുത്തു. ചായ രുചിയ്ക്കുന്നതിനിടയിൽ ഞാൻ ട്രേ കൈയിൽ വാങ്ങി പരിശോധിച്ചു. ട്രേ ആകർഷകമായിരുന്നു.

ടുഡു കഹാം ഹെ? ഞാൻ ചോദിച്ചു.

പുസ്പ ശിരസ്സു കുനിച്ചു നിന്നു. ഗുരിയയും നിശ്ശബ്ദത പാലിച്ചു.

ടുഡു യഹാം നഹിം ഹെ ക്യാ? ഞാൻ വീണ്ടും ചോദിച്ചു.

സാബ്, രാം രത്തൻ ടുഡു സിന്ദാ നഹി ഹെ. ഗുരിയ അറിയിച്ചു.

സിന്ദാ നഹി ഹെ? ഞാൻ ആശ്ചര്യപ്പെട്ടു.

പുസ്പ ഗ്ലാസ്സുകളും ട്രേയുമെടുത്ത് നിശ്ശബ്ദയായി അകത്തേയ്ക്കു കയറിപ്പോയി.

ഗുരിയ അടക്കിയ സ്വരത്തിൽ വിശദീകരിച്ചു. രാം രത്തൻ കാ ഛോട്ടാ ഭായി ഥാ ഭുജുരാം. ഭുജുരാം നേ ബഡേ ഭായീ കോ മാർ ഡാലാ. ചാക്കൂ മാരാ. വോ ജേൽ മേ ഹെ. ഗ്വാഹാട്ടീ മേ. രാം രത്തന്റെ അനിയൻ ഭുജുരാം ചേട്ടനെ കുത്തിക്കൊന്നുവത്രെ. അവനിപ്പോൾ ഗ്വാഹാട്ടിയിലെ ജയിലിലാണെന്ന്.

ഞാൻ സ്തബ്ധനായിപ്പോയി. ആദ്യമായാണ് ഒരാദിവാസി കർഷകകുടുംബത്തിൽ അക്രമം നടന്നതായി കേൾക്കുന്നത്. ഇവരെല്ലാം പൊതുവിൽ ശാന്തരാണ്. യേ സബ് കബ് ഹുവാ ഥാ? എന്നാണിതെല്ലാം നടന്നത്?

തീൻ സാൽ സേ ജ്യാദാ ഹോ ഗയാ. മൂന്നു വർഷത്തിലേറെയായി.

മൂന്നു വർഷത്തിനു മുൻപ് എന്നു പറയുമ്പോൾ, ലോണെടുത്ത് അധികം കഴിയും മുൻപായിരിയ്ക്കണം ഈ സംഭവം നടന്നത്. രാം രത്തൻ ടുഡു മരണപ്പെട്ടെങ്കിൽ ലോൺ എങ്ങനെയടഞ്ഞു?

പുസ്പാ നേ അകേലേ സാരാ കാം കീ. ഗുരിയ അകത്തേയ്ക്കു ചൂണ്ടിക്കാണിച്ചു. ഇസ് നേ ഖേത്തീ കി. കൃഷി നടത്തി. ഷെഡ്ഡിലേയ്ക്കു ചൂണ്ടി, യേ സബ് കീ. കോഴിക്കൂടുകളിലേയ്ക്കു ചൂണ്ടിക്കൊണ്ട്, മുർഗാ, മുർഗി. കാഫി മേഹനത്ത് കീ ഹെ ഇസ്നേ.

മുന്നൂറു പേരിൽ ലോണടച്ചു തീർത്തിരിയ്ക്കുന്നത് പുസ്പ മാത്രമാണെന്ന് അറിയിയ്ക്കാൻ ഞാൻ ഗുരിയയോടു നിർദ്ദേശിച്ചു. ബാങ്കിന്റെ സന്തോഷവും അവളെ അറിയിയ്ക്കുക.

, പുസ്പാ. സരാ ഇധർ ആ. ഗുരിയ പുസ്പയെ വിളിച്ചു. പുസ്പ ഇറങ്ങിവന്നപ്പോൾ ഗുരിയ വിശദീകരിച്ചു കൊടുത്തു. പുസ്പ കൈകൂപ്പി.

കനത്ത തിരിച്ചടികളേറ്റിട്ടും വിധവയും അനാഥയുമായിത്തീർന്നിട്ടും പുസ്പ തളരാതെ മുന്നോട്ടു പോയി. കൃഷി നടത്തിയും കോഴികളെ വളർത്തിയും മുളകൊണ്ടുള്ള വസ്തുക്കളുണ്ടാക്കിയും പണമുണ്ടാക്കി. ഭർത്താവിന്റെ സാമ്പത്തിക ബാദ്ധ്യത അടച്ചു തീർത്തു. ആദിവാസികൾക്കും മറ്റെല്ലാവർക്കും മാതൃകയാകാൻ യോഗ്യ. രാം രത്തൻ ടുഡു മദ്യപാനി അല്ലാതിരുന്നെങ്കിൽ ഈ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൈവരുമായിരുന്നു.

ക്ലോസു ചെയ്ത പ്രോനോട്ട് ബൈക്കിലെ ഫയലിൽ ഇരിയ്ക്കുന്ന കാര്യം ഓർമ്മിച്ചു. ഫയലിൽ നിന്ന് അതെടുത്ത് പുസ്പയ്ക്കു കൊടുത്തു. പുസ്പയതു ഭവ്യതയോടെ വാങ്ങി. ലോൺ ക്ലോസു ചെയ്തതിന്റെ തെളിവാണിത്, സൂക്ഷിച്ചു വയ്ക്കുക എന്ന് ഗുരിയയെക്കൊണ്ടു പറയിച്ചു.

മടക്കയാത്രയിൽ ഗുരിയ പുസ്പയുടെ കഥ ചുരുക്കി വിവരിച്ചു.

രാം രത്തനും അനുജൻ ഭുജുരാമും മദ്യപാനികളായിരുന്നു. പണികൾ മുഴുവൻ പുസ്പയെടുത്തു. അങ്ങനെയിരിയ്ക്കെയാണു ബാങ്കിൽ നിന്നു ലോൺ കിട്ടിയത്. ആ തുക മദ്യപാനത്തിന്നായി രാം രത്തൻ ഉപയോഗിയ്ക്കാനൊരുങ്ങി. അനുജൻ ഭുജുരാമും മദ്യപാനിയായിരുന്നെങ്കിലും ഭുജുരാമിന് ജ്യേഷ്ഠത്തിയോട് ആദരവുണ്ടായിരുന്നു. അനുജൻ ജ്യേഷ്ഠനെ എതിർത്തു.

അടുത്ത ദിവസം രാം രത്തൻ മദ്യപിച്ചു വന്ന് ബഹളമുണ്ടാക്കി. പുസ്പയെ മർദ്ദിച്ചു. അനുജൻ ജ്യേഷ്ഠനെ തടഞ്ഞു, താക്കീതു ചെയ്തു, ജ്യേഷ്ഠത്തിയെ ഉപദ്രവിയ്ക്കരുത്. ജ്യേഷ്ഠൻ ഛുരിയെടുത്ത് - കത്തിയെടുത്ത് - അനുജനെ വെട്ടി. അനുജനു വെട്ടുകൊണ്ടു. അനുജൻ കുപിതനായി, ഛുരി പിടിച്ചു വാങ്ങി ജ്യേഷ്ഠനെ വെട്ടുകയും കുത്തുകയും ചെയ്തു. വെട്ടുകളും കുത്തുകളുമേറ്റ് ജ്യേഷ്ഠൻ മരണപ്പെട്ടു. ഭുജുരാം രക്തം പുരണ്ട ഛുരിയുമായി സരുപ്പത്ഥർ പോലീസ് സ്റ്റേഷനിൽ നേരേ ചെന്നു കീഴടങ്ങി.

ഗുരിയ മറ്റൊരു കാര്യം കൂടി പറഞ്ഞു. പുസ്പ സ്കൂൾ ചലാത്തീ ഹെ. സ്കൂൾ നടത്തുന്നത് ഷെഡ്ഡിലും മുറ്റത്തും വരാന്തയിലുമായാണ്. പകൽ പുസ്പയുടെ മുറ്റം നിറയെ ചെറിയ പൈതങ്ങളുണ്ടാകും. ഭൂരിഭാഗവും സ്കൂളിൽ പോകാനാകാത്ത പെൺകുട്ടികൾ. ആദിവാസിക്കുട്ടികൾ മാത്രമല്ല, നാഗാക്കുട്ടികളും. പുസ്പയുടെ അദ്ധ്യാപനം മൂലം അവരിൽ പല കുട്ടികളും അഹോമിയ - ആസ്സമീസ് - പത്രം വായിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു.

മടക്കയാത്രയിൽ നാഗാ കലാപകാരികളോ കാട്ടാനകളോ ഞങ്ങളുടെ മുൻപിൽ വന്നു പെട്ടില്ല. ഗുരിയയും ഞാനും എൻ എച്ച് 39ലൂടെ സുരക്ഷിതമായി ബൈക്കോടിച്ച് ഗോലാഘാട്ടിൽ സമിതി പ്രസിഡന്റ് ടോപ്നോയുടെ വീട്ടിലെത്തി. പിരിവു വിവരങ്ങൾ സമിതിയ്ക്കു കൊടുത്ത ശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങി. ബൈക്കിനടുത്തേയ്ക്ക് എന്റെ കൂടെ ടോപ്നോയും ഗുരിയയും വന്നു. അതിനിടയിൽ രാം രത്തന്റെ വിധവയെ സന്ദർശിച്ച കാര്യം ഗുരിയ ടോപ്നോയോടു പറഞ്ഞു.

, പുസ്പ. വോ ബഹുത്ത് അച്ഛി ഹെ.ടോപ്നോ പുസ്പയെപ്പറ്റി ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തി. അവൾക്ക് എഴുതാനും വായിയ്ക്കാനും മാത്രമല്ല, കണക്കുമറിയാം. ഞങ്ങൾക്കാർക്കും കണക്കറിയില്ല. എന്നാൽ പുസ്പ പലിശ കൃത്യമായി കണക്കാക്കുന്നു. അതു കർഷകർക്ക് രക്ഷയായി. കൊള്ളപ്പലിശക്കാർക്ക് കള്ളക്കണക്കെഴുതി ആദിവാസി കർഷകരെ പറ്റിയ്ക്കാനാകാതെയായി.

എന്നാൽ അവൾ ചെയ്യുന്ന ഏറ്റവും വലിയ കാര്യങ്ങൾ അതൊന്നുമല്ല. ടോപ്നോ തുടർന്നു. ഞങ്ങൾ ആദിവാസി കർഷകരുടെ ഏറ്റവും വലിയ ശാപം മദ്യപാനമാണ്. അതിന്റെ ദൂഷ്യം ശരിയ്ക്ക് അനുഭവിച്ചവളാണ് പുസ്പ. സ്വന്തം ഭർത്താവിനേയും അനുജനേയും മദ്യപാനത്തിൽ നിന്നു രക്ഷിയ്ക്കാൻ അവൾക്കായില്ല. തന്റെ നിയോഗം മറ്റു സ്ത്രീകൾക്കുണ്ടാകരുതെന്ന് അവളാഗ്രഹിയ്ക്കുന്നു. മദ്യപാനത്തെ എതിർക്കാൻ അവൾ ആ പ്രദേശത്തെ സ്ത്രീകളെ പ്രോത്സാഹിപ്പിയ്ക്കുന്നു, സംഘടിപ്പിയ്ക്കുന്നു. കള്ളവാറ്റ് ഇവിടൊക്കെ ഒരു കുടിൽ വ്യവസായമായിരുന്നു. പണ്ട് പെണ്ണുങ്ങളും അതിൽ പങ്കാളികളായിരുന്നു. ഇപ്പോൾ പുസ്പയുടെ ശ്രമം മൂലം കുറേപ്പേരെങ്കിലും അതിൽ നിന്നു വിട്ടു നിൽക്കുന്നു. ഞങ്ങളുടെ സമിതിയ്ക്കു വിജയിയ്ക്കാനാകാഞ്ഞിടത്ത് അവൾ വിജയിച്ചിരിയ്ക്കുന്നു.

തിരിവെളിച്ചത്തിൽ, മുഷിഞ്ഞ സാരി പുതച്ച് നിശ്ശബ്ദയായി നിന്നിരുന്ന ആ വനിതയുടെ ഉള്ളിൽ ഇത്രത്തോളം കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്നു കരുതിയതേയില്ല.

ടോപ്നോ തുടർന്നു. പുസ്പയ്ക്ക് നാഗാമീസിൽ നന്നായി സംസാരിയ്ക്കാനറിയാം. നാഗന്മാരുടെ ഭാഷ. അതുകൊണ്ടവൾ നാഗന്മാരേയും ആദിവാസികളേയും കൂട്ടിയിണക്കുന്ന വിലപ്പെട്ട കണ്ണിയായിത്തീർന്നിരിയ്ക്കുന്നു. മുൻപ് ആ പ്രദേശത്ത് നാഗന്മാരുടെ അക്രമം പതിവായിരുന്നു. അവരുടെ അക്രമം മൂലം ആദിവാസി കർഷകർ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലിപ്പോൾ നാഗന്മാർ അക്രമം അഴിച്ചു വിടാറില്ല. അതുകൊണ്ടിപ്പോൾ വളരെ സമാധാനമുണ്ട്. ടോപ്നോയുടെ മുഖത്ത് വലുതായ ആശ്വാസം. നാഗന്മാരും ആദിവാസികളുമെല്ലാം അവളെ ആദരിയ്ക്കുന്നു. അവരുടെയെല്ലാം കുട്ടികളുടെ ഗുരു കൂടിയാണ് അവളിപ്പോൾ. ആദിവാസി സ്ത്രീയ്ക്കും സമൂഹനന്മയ്ക്കായി ഒരുപാടു കാര്യങ്ങൾ ചെയ്യാനാകുമെന്ന് പുസ്പ തെളിയിച്ചിരിയ്ക്കുന്നു.

ശരിയാണ്. പുസ്പയുടെ ഷെഡ്ഡിലെ നാഗായുവതികളുടെ സാന്നിദ്ധ്യം തന്നെ അതിനു തെളിവാണ്.

വിധവയായ പുസ്പയ്ക്ക് പലതും ചെയ്യാനായെങ്കിൽ ഒരു ബാങ്കിന് ഏറെക്കാര്യങ്ങൾ ചെയ്യാനാകും, ചെയ്യണം. ആദിവാസികളും നാഗന്മാരുമെല്ലാം ഉൾപ്പെടുന്ന ഈ മേഖലയിലെ പാവപ്പെട്ട കർഷകകുടുംബങ്ങളുടെ സർവ്വതോമുഖമായ ഉന്നതിയ്ക്കു വേണ്ടി ഒരു ബാങ്കിനു ചെയ്യാനാവുന്നത് എന്തെല്ലാമെന്നു കാണിയ്ക്കുന്ന സമഗ്രമായൊരു പഠനം ഏതാനും ആഴ്ചകൾക്കുള്ളിൽ നടത്താനും, അതിനെ അടിസ്ഥാനമാക്കിയുള്ള ശുപാർശകൾ ബാങ്കിന്റെ പരിഗണനയ്ക്കായി സമർപ്പിയ്ക്കാനും ഗോലാഘാട്ടിൽ നിന്നു ജോർഹാ‍ട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയിൽ ഞാൻ തീരുമാനിച്ചു. രാഷ്ട്രത്തിന്റെ തന്നെ മുഖ്യാഹാരമായ അരിയുത്പാദിപ്പിയ്ക്കുന്ന സത്യസന്ധരും സ്നേഹസമ്പന്നരുമായ ഈ ചെറുകർഷകരിൽ ഒരാൾക്കുപോലും സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടാകരുത്.

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)